ബോധവത്കരണ പ്രവര്‍ത്തനങ്ങളും നിരോധനങ്ങളും എത്ര ഏര്‍പ്പെടുത്തിയാലും പുകവലിക്കാരുടെ എണ്ണത്തിന് ലോകത്തില്‍ ഒരു കുറവുമില്ല. സിഗററ്റ് പാക്കറ്റില്‍ തന്നെ പുകവലിയുടെ ദൂക്ഷ്യഫലങ്ങളെ കുറിച്ചുള്ള വിവരണവും ചിത്രവും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നല്‍കുന്നുണ്ടെങ്കിലും ഇതിന് അടിമയാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. കാലാകാലങ്ങളില്‍ സിഗററ്റ് നിര്‍മാതാക്കള്‍ നടത്തുന്ന പരീക്ഷണങ്ങളും മറ്റുമാണ് ഇതിന് അടിമയാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് പഠനങ്ങള്‍. പലതരം രാസവസ്തുക്കളാണ് ആളുകളെ സിഗററ്റിന് അടിമയാക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ചവര്‍പ്പ് ഒഴിവാക്കാനും നിക്കോട്ടിന്‍ തലച്ചോറിലേക്ക് എത്തുന്നതു വേഗത്തിലാക്കാനും ഇത്തരം രാസവസ്തുക്കള്‍ സഹായിക്കും. സിഗററ്റ് ഉപയോഗിക്കുന്ന ആള്‍ എളുപ്പത്തില്‍ അതിന് അടിമയാകുകയും ചെയ്യും. 50 വര്‍ഷം മുമ്പ് സിഗററ്റ് ഉപയോഗിച്ചിരുന്ന ആളുകളേക്കാള്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ ഇപ്പോഴുള്ളവര്‍ക്ക് സാധ്യത ഇതിനാല്‍ കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.CIGERET
സന്നദ്ധ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ നിരവധി പഠനങ്ങള്‍ നടത്തി. സിഗററ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വസ്തുതകളാണു പുറത്തുവന്നിരിക്കുന്നത്. പുകയിലയുടെ മണവും ചവര്‍പ്പും ഒഴിവാക്കാന്‍ മെന്തോള്‍ അടങ്ങിയ സിഗററ്റ് പുകയ്ക്കുന്നത് യുവതലമുറ പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ മെന്തോള്‍ അടങ്ങിയ സിഗററ്റാണ് ഏറെ അപകടകാരി. കൗമാരത്തിലുള്ളവരെ സിഗററ്റിലേക്ക് ആകര്‍ഷിക്കാനും ഇവയ്ക്ക് കഴിയുന്നു. സിഗററ്റ് പാക്കിന്‍റെ രൂപകല്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും അടുത്തകാലത്തായി വന്‍ മാറ്റങ്ങളാണു വന്നിരിക്കുന്നത്. മരണത്തിന് കാരണമായേക്കുന്ന നിരവധി വസ്തുക്കളും ഇപ്പോള്‍ സിഗററ്റില്‍ ചേര്‍ക്കുന്നു. നിക്കോട്ടിന്‍റെ പരിധിയും പലതരത്തില്‍ വര്‍ധിപ്പിക്കും. അമോണിയയും മധുരവും പുകയിലയില്‍ ചേര്‍ക്കുന്നു. തലച്ചോറിലേക്ക് നിക്കോട്ടിന്‍ ഇരച്ചുകയറുന്നതിന് ഇത് സഹായിക്കും. പിന്നെ സിഗററ്റിനെ ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. മണത്തിലും രുചിയിലും വ്യത്യസ്തകള്‍ വരുത്തുന്നതും സാധാരണമാണ്. പുകവലിക്കല്‍ തുടരാന്‍ ഇതും കാരണാമാകുന്നുവെന്നും പഠനത്തില്‍ പറയുന്നു. സിഗററ്റിന്‍റെ പുകയുടെ കട്ടികുറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് ലെവുലിന്‍ക് ആസിഡ്. നിയമത്തിന്‍റെ കുരുക്കില്‍പ്പെടാതിരിക്കാനും നിര്‍മാതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. ഡിസൈനിങ്ങിനും ഗവേഷണത്തിനുമായി കോടികളാണ് നിര്‍മാതാക്കള്‍ ചെലവാക്കുന്നത്.