[author ]നിസാര്‍ മുഹമ്മദ്[/author]
തിരുവനന്തപുരം: മഴ മാറി മാനം തെളിയണേയെന്ന ഒരൊറ്റ പ്രാര്‍ത്ഥനയിലായിരുന്നു ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ പുരുഷാരം. അത്രമേല്‍ കാത്തിരുന്ന പോരാട്ടം മഴയില്‍ കുതിരുന്നത് ആരാധകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. രാവിലെ മുതല്‍ സ്റ്റേഡിയത്തിന് മുന്നില്‍ തമ്പടിച്ച്, നാലുമണിക്ക് ഗേറ്റ് തുറന്നപ്പോള്‍ ആര്‍ത്തലച്ച്, അകത്തെത്തി ഇരിപ്പിടത്തിലമര്ന്നപ്പോള് ആശ്വസിച്ച്, ചാറ്റല്‍ മഴയില്‍ കാല്‍പ്പന്ത് കളിക്കുന്ന താരങ്ങളെ കണ്ട് ആര്‍പ്പുവിളിച്ച് ഒരുദിനം മുഴുന്‍ അവര്‍ കാത്തിരുന്നു. മഴയെത്തുടര്‍ന്ന് കളി റദ്ദാക്കുമെന്ന് അഭ്യൂഹം പരന്നപ്പോള്‍ ഗ്യാലറിയുടെ ഹൃദയം വിങ്ങിപ്പൊട്ടി. ഒരോവര്‍ മാച്ചെങ്കിലും കാണാതെ സ്റ്റേഡിയം വിടില്ലെന്ന് ശപഥമെടുത്ത ആരാധകരുടെ പ്രാര്‍ത്ഥന ഒടുവില്‍ മഴദൈവങ്ങള്‍ കേട്ടു. മണ്ണിലെ താരങ്ങള്‍ക്ക് കളിക്കളത്തിലെത്താന്‍ മഴ മാറി നിന്നു. 9.30-ന് ആരംഭിച്ച മല്‍സരം എട്ടോവറാക്കി ചുരുക്കിയെങ്കിലും കാണികളുടെ ആവേശം തെല്ലും ചോര്‍ന്നില്ല. ടോസ് കിട്ടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിജയമായിരുന്നു പിന്നത്തെ അവരുടെ പ്രാര്‍ത്ഥന.
കളി തുടങ്ങിയപ്പോള്‍ അവര്‍ ആര്‍പ്പുവിളിച്ചു; ഇന്ത്യ… ഇന്ത്യ.. ഇന്ത്യ. കടലിരമ്പം പോലെ അതു ഗാലറിയെ ഇളക്കിമറിച്ചു. മൂന്നര പതിറ്റാണ്ടിനുശേഷം തലസ്ഥാനത്തെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തെ അക്ഷരാര്‍ത്ഥത്തില്‍ മലയാളക്കര നെഞ്ചേറ്റുന്ന കാഴ്ചയ്ക്കാണ് തലസ്ഥാനം സാക്ഷിയായത്. മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബും പരിസരവും ആവേശ ലഹരിയിലായിരുന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രധാനപാതകളുടെ ഇരുവശങ്ങളിലും രാവിലെ മുതല്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ നീലക്കുപ്പായക്കാര്‍ ഇടംപിടിച്ചു. വൈകുന്നേരം ഗ്രൗണ്ടിലേക്ക് പ്രവേശനം ആരംഭിച്ച് ഏറെ വൈകാതെ വിവിധ വര്‍ണങ്ങളിലായിരുന്ന ഗാലറി നീലക്കടലായി മാറി. ഇരുടീമുകളേയും ആര്‍പ്പുവിളികളോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. ന്യൂസിലന്റ് താരങ്ങള്‍ക്കു പിന്നാലെ ടീം ഇന്ത്യ എത്തിയതോടെ ആവേശം അണപൊട്ടി. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഗാലറിക്കുനേരെ കൈവീശിയതോടെ ജനസഞ്ചയം ഇളകിമറിഞ്ഞു. ഇതിനിടെ മഴ അല്പനേരം മാറിനിന്നതോടെ ഡ്രസിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലിറങ്ങിയ ന്യൂസിലന്റ് താരങ്ങളും കേരളത്തിന്റെ സ്നേഹം നേരിട്ടറിഞ്ഞു. ആര്‍പ്പുവിളികള്‍ അലയടിച്ചതോടെ ഇന്ത്യന്‍ വംശജനായ ന്യൂസിലന്റ് സ്പിന്നര്‍ ഇഷ് സോദി ഗാലറിയെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. വീണ്ടും ഗാലറിയില്‍ ആവേശത്തിന്റെ കടലിരമ്പം. ഗാലറിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാണ് കീവിസ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്.
ഇതിനിടെ, മഴ കളി തടസ്സപ്പെടുത്തിയതോടെ വീണുകിട്ടിയ ഇടവേളയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവനിര ഫുട്ബോളുമായി ഗ്രൗണ്ടിലേക്കിറങ്ങി. ക്രിക്കറ്റിനെ മാത്രമല്ല, ഫുട്ബോളിനേയും ആവേശത്തോടെ നെഞ്ചേറ്റിയ കേരളക്കര ടീമിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചു. വിരാടിനു പുറമെ ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, മുഹമ്മദ് സിറാജ്, മനീഷ് പാണ്ഡേ എന്നിവരാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുമായി കാണികളെ ആവേശത്തിലാക്കിയത്. ജസ്പ്രീത് ബുംറയും ദിനേശ് കാര്‍ത്തികും ഒപ്പം ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഔട്ട്ഫീല്‍ഡ് പരിശോധിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്ക് മടങ്ങി. കോച്ച് രവി ശാസ്ത്രിയെ സാക്ഷിനിര്‍ത്തിയാണ് താരങ്ങള്‍ ഫുട്ബോളില്‍ ഒരുകൈ നോക്കിയത്. ബാറ്റുകൊണ്ട് മാത്രമല്ല, കാല്‍പ്പന്തുകളിയിലും താന്‍ പെര്‍ഫെക്ടാണെന്ന പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ക്യാപ്റ്റന്റെ മാന്ത്രികത ക്രിക്കറ്റില്‍ മാത്രമല്ല ഫുട്ബോളിലും മാസ്മരികമാണെന്ന് ഗ്രീന്‍ഫീല്‍ഡിലെ കാണികള്‍ക്കും ബോധ്യമായി. രോഹിതും മനിഷ് പാണ്ഡേയും അരമണിക്കൂര്‍ പരിശീലനം നടത്തി മടങ്ങിയെങ്കിലും കോഹ്ലിയും മറ്റുള്ളവരും പിന്നേയും കളിതുടര്‍ന്നു. ഇതിനിടെ ലോകേഷ് രാഹുലും ഒപ്പം കൂടിയതോടെ മികച്ചൊരു ബാറ്റിങ് കൂട്ടുകെട്ട് കണ്ട പ്രതീതിയായിരുന്നു കാണികള്‍ക്ക്. ആരാധകര്‍ക്ക് വേണ്ടുവോളം ആസ്വാദനനിമിഷങ്ങള്‍ സമ്മാനിച്ചശേഷമാണ് കോഹ്ലിയും കൂട്ടരും ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.