കൊച്ചി : ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയ മലയാളി താരം ശ്രീശാന്തിന് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിലക്ക് റദ്ദാക്കിയ തീരുമാനം ചോദ്യം ചെയ്ത് ബി.സി.സി.ഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീല്‍ വാദം കേള്‍ക്കുന്നതിന് വേണ്ട് അടുത്ത മാസം 11 ലേക്ക് മാറ്റി.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാല്‍ ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹൈക്കോടതി വിധി ചട്ടവിരുദ്ധമാണെന്ന് കാട്ടി ബി.സി.സി.ഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ബി.സി.സി.ഐയുടെ തീരുമാനത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ബി.സി.സി.ഐ ഭരണസമിതിയ്ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.