[author ]പ്രൊഫ. റോണി കെ. ബേബി[/author]ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനമാണ് ഈ നവംബര്‍ 19. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലവും, പുണ്യഭൂമിയായ ത്രിവേണി സംഗമത്തിന്റെ പേരില്‍ പ്രശസ്തവുമായ അലഹബാദില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും, കമലാ നെഹ്‌റുവിന്റെയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിരാ പ്രിയദര്‍ശിനി ജനിക്കുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ഡല്‍ഹി വിട്ട് ആഗ്രയിലേക്ക് കുടിയേറിയ നെഹ്‌റു കുടുംബത്തിന്റെ അലഹബാദുമായുള്ള ആത്മബന്ധം തുടങ്ങുന്നത് ഇന്ദിരാ പ്രിയദര്‍ശിനിയുടെ മുത്തച്ഛനായ മോത്തിലാല്‍ നെഹ്‌റു നഗരത്തിലെ പ്രശസ്ത അഭിഭാഷകനായി പേരെടുക്കുന്നതിലൂടെയാണ്. ഹൈക്കോടതിയുടെ ആസ്ഥാനം ആഗ്രയില്‍ നിന്നും അലഹാബാദിലേക്ക് മാറ്റിയതോടു കൂടെയാണ് നെഹ്‌റു കുടുംബവും സ്ഥലം മാറിയെത്തുന്നത്.

പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു മോത്തിലാല്‍ നെഹ്‌റു.  ഏറെ സന്തോഷപ്രദമായിരുന്നില്ല ഇന്ദിര പ്രിയദര്‍ശിനിയുടെ ബാല്യകാലം. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവും, അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും. അനാരോഗ്യവും, രോഗങ്ങളും തളര്‍ത്തിയിരുന്ന അമ്മ കമലാ നെഹ്‌റു കൊട്ടാര സദൃശമായ ആനന്ദ് ഭവനിലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശബ്ദായമാനമായ അന്തരീക്ഷത്തിലും തീര്‍ത്തും ഒറ്റപ്പെട്ടതായിരുന്നു അവരുടെ ബാല്യം. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗാന്ധിയുടെ കടന്നുവരവോടെ ആരംഭിക്കുന്ന അതിതീവ്രവും, സംഭവബഹുലവുമായ സ്വാതന്ത്ര്യസമരത്തിലെ പുതിയ അധ്യായവുമായി ചേര്‍ന്നു കിടക്കുന്നതാണ് ഇന്ദിരാഗാന്ധിയുടെ ബാല്യകാലം. 1919-20 കാലത്ത് ഗാന്ധി നിസ്സഹകരണ സമരത്തിന് തുടക്കമിടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മോത്തിലാല്‍ നെഹ്‌റു ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യമെങ്ങും ആളിപ്പടര്‍ന്ന നിസ്സഹകരണ സമരത്തിന്റെ സുപ്രധാന ഭാഗമായിരുന്ന വിദേശ വസ്ത്രങ്ങളും, വിദേശ നിര്‍മ്മിത വസ്തുക്കളും പരസ്യമായി ചുട്ടുചാമ്പലാക്കുന്ന ബഹിഷ്‌കരണ സമരം. സമരത്തില്‍ പങ്കെടുത്തുകൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ നിര്‍മ്മിതമായ പാവക്കുട്ടിയുമായി ആളിക്കത്തുന്ന തീക്കൂനക്ക് അരികിലേക്ക് നീങ്ങുന്ന ഒരു മൂന്ന് വയസുകാരിയുടെ ചിത്രം ഇന്ദിരയുടെ ബാല്യകാല സ്മരണകളില്‍ കാണാം.

ഇന്ദുവെന്നും, തിരിച്ച് ബാപ്പുവെന്നും വിളിച്ചിരുന്ന ആത്മബന്ധമായിരുന്നു ഇന്ദിരയും, ഗാന്ധിയും തമ്മിലുണ്ടായിരുന്നത്. ഈ ആത്മബന്ധത്തിലൂടെ പകര്‍ന്നുകിട്ടിയ സമരവീര്യവും, ജയിലില്‍ നിന്നും മുടങ്ങാതെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈപ്പടയില്‍ തേടിയെത്തിയ ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളിലൂടെ’ ജ്വലിപ്പിച്ച ദേശസ്‌നേഹവും ഇന്ദിരയുടെ ബാല്യകാലത്തെ രൂപീകരിച്ചു എന്നു കരുതാം. സ്വാതന്ത്ര്യസമര പോരാളികളെ സഹായിക്കാനും, ശുശ്രൂഷിക്കാനും ‘ബാലചര്‍ക്ക സംഘം’ എന്ന പേരില്‍ സമപ്രായക്കാരായ കുട്ടികളെ സംഘടിപ്പിച്ച് ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. 1938 ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് ഇന്ദിര കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരുന്നത്. അമ്മ കമലാ നെഹ്‌റുവിന്റെ അകാല വിയോഗത്തോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിലും, സ്വാതന്ത്ര്യ സമരത്തിലും കൂടുതല്‍ സജീവമായ ഇന്ദിര 1942 ല്‍ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു.
സ്വാതന്ത്ര്യാനന്തരം പടിപടിയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന ഇന്ദിരാ ഗാന്ധി 1955 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1959 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റു. 1964 ല്‍ രാജ്യസഭാംഗമായതോടുകൂടി പാര്‍ലമെന്ററി രംഗത്തേക്ക് കടന്നുവന്നു. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്വാഭാവിക പരിഗണന ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പിന്നില്‍ നില്‍ക്കാനായിരുന്നു ഇന്ദിരയുടെ തീരുമാനം. ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലയായിരുന്നു ഇന്ദിരാഗാന്ധിക്ക്.

1966 ജനുവരിയില്‍ റഷ്യയിലെ താഷ്‌കെന്റില്‍വെച്ച് ശാസ്ത്രി നിര്യാതനായതോടുകൂടിയാണ് ഇന്ദിര പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 169 നെതിരെ 355 വോട്ട് നേടി മുതിര്‍ന്ന നേതാവ് മൊറാര്‍ജി ദേശായിയെ പരാജയപ്പെടുത്തി കാമരാജ്, അതുല്യ ഘോഷ്, എസ്.കെ. പാട്ടീല്‍, നിജലിംഗപ്പ തുടങ്ങി പ്രബലരുടെ പിന്തുണയോടെയാണ് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും, പ്രധാനമന്ത്രിയും ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 1966 ജനുവരി 24ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഭരണത്തിലേറി ആദ്യദിനങ്ങളില്‍ തന്നെ ശക്തയായ ഒരു ഭരണാധികാരിയുടെ ആര്‍ജ്ജവവും ധീരതയും ശ്രീമതി ഗാന്ധി പ്രകടിപ്പിച്ചു. പ്രത്യേക സംസ്ഥാനം എന്ന പഞ്ചാബിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. കൂടുതല്‍ സ്വയംഭരണം ഉറപ്പു നല്‍കിക്കൊണ്ട് നാഗാ, മിസോ കലാപകാരികളുമായി ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ഹരിതവിപ്ലവം കൂടുതല്‍ ശക്തമായി നടപ്പിലാക്കി തുടങ്ങി. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കയറ്റുമതി വര്‍ദ്ധിപ്പിക്കാനും, വിദേശമൂലധനം ആകര്‍ഷിക്കുന്നതിനും വേണ്ടി ഡോളറിനുമേല്‍ ഇന്ത്യന്‍ രൂപക്ക് 35.5% മൂല്യശോഷണം വരുത്തി.

ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു വിദേശനയത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു 1966 ജൂലൈ മാസത്തില്‍ വിയറ്റ്‌നാമിലെ അമേരിക്കന്‍ അധിനിവേശത്തെ ഇന്ദിരാഗാന്ധി ശക്തമായി വിമര്‍ശിച്ചു. ഈജിപ്തിലെ കേണല്‍ നാസ്സറുമായും, യൂഗോസ്ലാവിയായിലെ മാര്‍ഷല്‍ ടിറ്റോയുമായും ബന്ധപ്പെട്ട് ചേരിചേരാ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യയും, ചൈനയുമായി കൂടുതല്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും സജീവമായി.

1967 ലെ നാലാം പൊതുതെരഞ്ഞെടുപ്പിനുശേഷം ഇന്ദിരാഗാന്ധി സ്വീകരിക്കാന്‍ ആരംഭിച്ച ഇടതുപക്ഷാഭിമുഖ്യമുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ കോണ്‍ഗ്രസിനകത്ത് ആശയപരമായ ഭിന്നിപ്പിന് കാരണമായി. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും, ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുന്നതിനും വേണ്ടിയുള്ള തന്റെ പത്തിന കര്‍മ്മപദ്ധതിയെ വലതുപക്ഷ സിന്‍ഡിക്കേറ്റിന് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെക്കൊണ്ട്് അംഗീകരിപ്പിക്കുന്നതില്‍ ശ്രീമതി ഗാന്ധി വിജയിച്ചു. ബാങ്കുകളുടെയും, ജനറല്‍ ഇന്‍ഷുറന്‍സിന്റെയും ദേശസാല്‍ക്കരണം വ്യവസായ കുത്തകകളുടെ നിയന്ത്രണം, ഭക്ഷ്യവസ്തുക്കളുടെ പൊതുവിതരണം, ഭൂപരിഷ്‌ക്കരണ നടപടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പത്തിന കര്‍മ്മപദ്ധതി ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാനും, പിന്നീട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാനും വേണ്ടിയുള്ള നയരേഖയായിരുന്നു. പത്തിന കര്‍മ്മ പദ്ധതിക്കെതിരെ കോണ്‍ഗ്രസിലെ വലതുപക്ഷം മൂന്ന് നിര്‍ദ്ദേശങ്ങളുമായി മുമ്പോട്ടു വന്നെങ്കിലും അത് പരാജയപ്പെട്ടു. 1969 ജൂലൈ 21ന് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയിലൂടെ 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുറത്തിറങ്ങി. 2008 ല്‍ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ആടി ഉലഞ്ഞപ്പോഴും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത് 1969 ലെ ബാങ്ക് ദേശസാല്‍ക്കരണം ആണ് എന്ന് ലോക സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതാണ്.
(തുടരും)