ലിസ്ബണ്‍: യൂറോ ചാമ്പ്യന്‍ പോര്‍ച്ചുഗലും ഫ്രാന്‍സും റഷ്യന്‍ ലോകകപ്പിന് അര്‍ഹത നേടി. എന്നാല്‍ മുന്‍ റണ്ണേഴ്‌സ് അപ്പ് ഹോളണ്ട് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടു.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചപ്പോള്‍ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ്, ബെലാറസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. പക്ഷേ അവസാന മത്സരത്തില്‍ സ്വീഡനെ തോല്‍പിച്ചിട്ടും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ഹോളണ്ടിന് യോഗ്യതയുടെ കടമ്പ കടക്കാനായില്ല. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനും സ്വീഡനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഹോളണ്ട് ഫിനിഷ് ചെയ്തത്.
ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, ഇറ്റലി, വടക്കന്‍ അയര്‍ലന്‍ഡ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍ പ്ലേ ഓഫിന് അര്‍ഹത നേടി. നവംബറില്‍ രണ്ട് പാദങ്ങളിലായാണ് പ്ലേ ഓഫ് മത്സരങ്ങള്‍. ആതിഥേയരായ റഷ്യയടക്കം 14 യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പില്‍ പന്തു തട്ടുന്നത്.
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സെര്‍ബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, ഐസ്‌ലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ടിലെത്തി. പ്ലേ ഓഫിലൂടെ നാലു ടീമുകള്‍ കൂടി റഷ്യയിലെത്തും.
ആതിഥേയരടക്കം 23 ടീമുകളാണ് ഇതുവരെ റഷ്യന്‍ ലോകകപ്പിന് അര്‍ഹത നേടിയത്. അവശേഷിക്കുന്ന ഒമ്പത് ടീമുകളെ നവംബറിലെ പ്ലേ ഓഫിലൂടെ കണ്ടെത്തും.