ക്വിറ്റോ: ആരാധകര്‍ക്ക് ആശ്വസിക്കാം, അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ അര്‍ജന്റീനയും. നിര്‍ണായക മല്‍സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുത്തി. സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ ഹാട്രിക്കാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ജയം അനിവാര്യമായ പോരാട്ടത്തില്‍ മെസി അര്‍ജന്റീനയുടെ രക്ഷകനായി.
ഇക്വഡോറിന്റെ ഹോംഗ്രൗണ്ടായ എസ്റ്റാഡിയോ ഒളിമ്പികോ അതാഹ്വാല്‍പ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കെതിരെ അര്‍ജന്റീന നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണ്. ഈ വിജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും ഉറുഗ്വെയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുന്നത്. 18 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റ്. മല്‍സരത്തിന് മുമ്പ് ആറാം സ്ഥാനത്തായിരുന്നു അര്‍ജന്റീന.
41 പോയിന്റുള്ള ബ്രസീല്‍, 31 പോയിന്റുമായി ഉറുഗ്വെ, കൊളംബിയ എന്നിവരാണ് അര്‍ജന്റീനയ്ക്കൊപ്പം ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയത്. അവസാന മല്‍സരത്തില്‍ കൊളംബിയയെ തളച്ച പെറു പ്ലേ ഓഫിന് അര്‍ഹത നേടി. നവംബറില്‍ ന്യൂസീലന്‍ഡുമായാണ് പെറുവിന്റെ പ്ലേ ഓഫ്. അവസാന മത്സരത്തില്‍ ബ്രസീലിനോട് ദയനീയമായി തോറ്റ ചിലിയും വെനിസ്വലയോട് പരാജയപ്പെട്ട പരാഗ്വെയും പുറത്തായി.
ഇക്വഡോറിനെതിരെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇതോടെ ലോകകപ്പ് യോഗ്യതാ ഫുട്ബോളിന്റെ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ ആദ്യമായി ഇരുപത് ഗോളുകള്‍ നേടുന്ന താരം എന്ന ബഹുമതിയും മെസി സ്വന്തമാക്കി. മല്‍സരത്തില്‍ ആദ്യം ഗോളടിച്ചത് ഇക്വഡോര്‍. മല്‍സരം തുടങ്ങി 38-ാം സെക്കന്റില്‍ ഇബാര റൊമാരിയോ അര്‍ജന്റീനിയന്‍ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ മെസിയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു.
നേരത്തെ യോഗ്യത ഉറപ്പിച്ച ബ്രസീല്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തകര്‍ത്തു. ജീസസിന്റെ ഇരട്ട ഗോളാണ് ബ്രസീലിന് ജയം അനായാസമാക്കിയത്. പകുതിയ സമയത്ത് ഗോള്‍രഹിതം. 55-ാം മിനിറ്റില്‍ പൗലിഞ്ഞോയാണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. 57-ാം മിനിറ്റില്‍ ജീസസ് ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജീസസ് രണ്ടാം ഗോള്‍ നേടി വിജയമുറപ്പിച്ചു.
രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങിയിട്ടും രണ്ടിനെതിരെ നാലു ഗോളിന് ബൊളീവിയയെ തകര്‍ത്താണ് ഉറുഗ്വെ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 24-ാം മിനിറ്റില്‍ ഗാസ്റ്റണ്‍ സില്‍വയുടെ ആദ്യ സെല്‍ഫ് ഗോള്‍. 39-ാം മിനിറ്റില്‍ മാര്ട്ടിന് കാസെറെസ് ഉറുഗ്വെയെ ഒപ്പമെത്തിച്ചു. 42-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ടീമിന് ലീഡ് നല്കി. പിന്നീട് ഇരട്ട ഗോളോടെ സൂപ്പര്‍താരം ലൂയിസ് സുവാരസ് ടീമിന്റെ വിജയമുറപ്പിക്കുകയും ചെയ്തു. 60, 76 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 79-ാം മിനിറ്റില്‍ ഡീഗോ ഗോഡിന്റെ കാലില്‍ നിന്ന് ഒരു സെല്‍ഫ് ഗോള്‍ കൂടി വീണെങ്കിലും ഉറുഗ്വെ ജയിച്ചു.
കൊളംബിയയതോട് 1-1 ന്റെ സമനില വഴങ്ങിയതോടെ പെറു പ്ലേ ഓഫിലെത്തി. 56-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗ്സിന്റെ ഗോളില്‍ കൊളംബിയ മുന്നില്‍. 74-ാം മിനിറ്റില്‍ ഗ്വെരേരോ പെറുവിന് സ്വന്തമാക്കി. വെനിസ്വലയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വെ തോറ്റു. 84-ാം മിനിറ്റില്‍ യാംഗെല്‍ ഹെരേരയാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഏഴാം സ്ഥാനത്തായി പരാഗ്വെ.