കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് നേടി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഒരു സെഷന്‍ മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ ആകുമെന്ന് ഉറപ്പായി.
ഓപ്പണര്‍മാരായ സദീര സമരവിക്രമ (0), ദിമുത് കരുണരത്നെ (1), ലാഹിരു തിരുമനെ (7) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ രണ്ടും ഷമി ഒന്നും വിക്കറ്റെടുത്തു.
ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് എട്ടിന് 352 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ പതിനെട്ടാം സെഞ്ച്വറി തികച്ച കോഹ്ലി 104 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ഓപ്പണര്‍മാരായ ധവാന്‍ (94), രാഹുല്‍ (79) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ എന്ന നേട്ടവും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി. ഏകദിനത്തില്‍ ഇതിനോടകം 32 സെഞ്ച്വറികള്‍ കോഹ്ലി നേടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ അമ്പത് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന അംലയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും കോഹ്ലിക്ക് കഴിഞ്ഞു. ഒപ്പം ഇക്കാര്യത്തില്‍ സച്ചിനെ മറികടക്കാനും താരത്തിനായി. ഇരുവരും 348 ഇന്നിംഗ്സുകളിലാണ് ഈ നേട്ടം കൈവരിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (376), റിക്കി പോണ്ടിംഗ് (420), ബ്രയാന്‍ ലാറ (465) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഒന്നിന് 171 എന്ന നിലയില്‍ അവസാനദിനമായ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. രാഹുല്‍, പൂജാര (22), രഹാനെ (0), ജഡേജ (9) എന്നിവരെ വേഗത്തില്‍ നഷ്ടമായ ഇന്ത്യ മറ്റൊരു തകര്‍ച്ച നേരില്‍ക്കണ്ടു. ആദ്യ ഇന്നിംഗ്സിലേതുപോലെ ലക്മലായിരുന്നു ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ കോഹ്ലിയുടെ സമയോചിതമായ പ്രകടനം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. 119 പന്തില്‍ 12 ഫോറുകളും രണ്ട് സിക്സറും പറത്തിയാണ് കോഹ്ലി 104 റണ്‍സ് നേടിയത്. ലങ്കയ്ക്ക് വേണ്ടി ലക്മല്‍, ശനക എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.