മഞ്ഞള്‍ പ്രസാദവുമായി മോനിഷ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ പ്രായം 15 ആയുള്ളൂ. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ തന്റെ 21-ാം വയസ്സില്‍ മരണം വില്ലനായി എത്തിയപ്പോള്‍ മോനിഷയോടൊപ്പം മലയാളിക്ക് നഷ്ടപ്പെട്ടത് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയെ ആയിരുന്നു. ആ ഗ്രാമീണ സൗന്ദര്യം നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 25 വര്‍ഷം.

1986 ല്‍ എംടി വാസുദേവന്‍ നായരുടെ കഥയില്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. കുടുംബ സുഹൃത്തായ എംടി തന്നെയായിരുന്നു നക്ഷത്രക്കണ്ണുള്ള ആ രാജകുമാരിയെ മലയാളത്തിന് സമ്മാനിച്ചതും. നഖക്ഷതങ്ങളിലെ അഭിനയത്തിന് 1987ല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഗൗരി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും മോനിഷയെ തേടിയെത്തി. തുടര്‍ന്ന് ഋതുഭേദം, ആര്യന്‍, അധിപന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, പെരുന്തച്ചന്‍, കടവ്, കമലദളം, ചെപ്പടി വിദ്യ, ചമ്പക്കുളം തച്ചന്‍, ഒരു കൊച്ചുഭൂമി കുലുക്കം തുടങ്ങി ഒരുപിടി ചിത്രങ്ങള്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെയാണ് മോനിഷയെ മരണം കവര്‍ന്നെടുത്തത്.

ആറ് വര്‍ഷം മാത്രം നീണ്ടുനിന്ന അഭിനയ ജീവിതത്തിന് തിരശീലയിട്ട് മോനിഷ വിടവാങ്ങിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രണയം തുളുമ്പുന്ന കണ്ണുകളും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ആരാധകരുടെ ഹൃദയത്തില്‍ അവര്‍ ഒളിമങ്ങാതെ തന്നെ നില്‍ക്കുന്നു. മോനിഷയ്ക്ക് ശേഷം മോനിഷ മാത്രമെന്ന് ആരാധകര്‍ ആവര്‍ത്തിക്കുന്നത് പ്രതിഭയ്ക്കപ്പുറം അവര്‍ക്ക് പകരം വെയ്ക്കാന്‍, മലയാളത്തനിമ കൊണ്ടും ശാലീനത കൊണ്ടും മറ്റൊരാളെ ഇന്നേവരെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് കൊണ്ടുകൂടിയാണ്. ആ ദു:ഖം വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രതിഭകള്‍ എത്ര മാറിമറഞ്ഞാലും മോനിഷ എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ഉണ്ടാകും.